ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രദൗത്യ പദ്ധതിയുടെ രണ്ടാംഘട്ടം ഐഎസ്ആര്‍ഒ ദ്രുതഗതിയിലാക്കി. ചന്ദ്രനിലേക്ക് പര്യവേഷണ വാഹനം അയയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള ചന്ദ്രയാന്‍-2 പദ്ധതി 2017 ഓടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയാണ് പ്രതീക്ഷിത ചിലവ്. ചന്ദ്രയാന്‍ ഒന്ന് വിജയമാക്കിയ ഡോ. എം.അണ്ണാദുരൈ തന്നെയാണ് ചന്ദ്രയാന്‍ രണ്ടിന്റെയും പ്രൊജക്ട് ഡയറക്ടര്‍.
ഒരു ഓര്‍ബിറ്റര്‍(ഭ്രമണ പേടകം), ലാന്‍ഡര്‍, റോവര്‍(പര്യവേഷണ വാഹനം) എന്നിവയുള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍-2 പേടകം. ആദ്യ ചന്ദ്രദൗത്യത്തില്‍ നിന്ന് വിഭിന്നമായി മാതൃപേടകത്തില്‍ നിന്ന് ഒരു പര്യവേഷണ പേടകം(റോവര്‍) ചന്ദ്രനില്‍ ഇറങ്ങി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തും. തദ്ദേശീയമായി വികസിപ്പിക്കുന്ന ലാന്‍ഡറിന്റെ രൂപരേഖയും, അതിലെ സാങ്കേതിക ഉപകരങ്ങള്‍ സംബന്ധിച്ച പഠനങ്ങളും സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ(സാക്) ശാസ്ത്രജ്ഞന്മാര്‍ പൂര്‍ത്തിയാക്കി. ഇവിടെ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ തുടങ്ങും.
ചാന്ദ്രയാന്‍- 2 ദൗത്യം ലക്ഷ്യമിടുന്നതെന്ത്?
സാങ്കേതികവും ശാസ്ത്രീയവുമായ ലക്ഷ്യങ്ങളാണ് ചാന്ദ്രയാന്‍-2 ദൗത്യത്തിനുള്ളത്.
സാങ്കേതിക ലക്ഷ്യങ്ങള്‍
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി-എംകെ2 ഉപയോഗിച്ചാണ് ചാന്ദ്രയാന്‍-2 വിക്ഷേപിക്കുക. ചാന്ദ്രയാനിലുള്ള റോവര്‍ കൃത്യമായി ചന്ദ്രോപരിതലത്തില്‍ ഇറക്കി അതിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ച് പര്യവേഷണം സാധ്യമാക്കുക എന്നതാണ് സാങ്കേതിക ലക്ഷ്യങ്ങളില്‍ പ്രധാനം. സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച ലാന്‍ഡര്‍ സംവിധാനം വഴിയാവും റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കുക. 30 മുതല്‍ 100 കിലോഗ്രാം വരെ മാസ്സാകും റോവറിനുണ്ടാവുക. പൂര്‍ണമായും സൗരോര്‍ജ്ജത്താലവും ഇതിന്റെ പ്രവര്‍ത്തനം. ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ ലാന്‍ഡറിന്റെ വേഗം കുറക്കാന്‍ കഴിയണം. ഇതിനുള്ള സംവിധാനം വികസിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. ചന്ദ്രനില്‍ ഇറങ്ങേണ്ട സ്ഥലത്തേക്ക് റോവറിനെ വഹിച്ചുകൊണ്ട് ലാന്‍ഡര്‍ എത്തണം. ഒരു ഇന്ത്യന്‍ പേടകത്തിന്റെ ബഹിരാകാശ ഗോളത്തിലുള്ള ആദ്യ സോഫ്റ്റ് ലാന്‍ഡിംഗാകും ഇത്. ചന്ദ്രന്റെ ധ്രുവപ്രദേശത്താകും പേടകം ഇറങ്ങുക. ഇത്തരത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.
ശാസ്ത്രീയ ലക്ഷ്യങ്ങള്‍
ചന്ദ്രോത്പത്തിയേക്കുറിച്ചും പരിണാമത്തേക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കുകയാണ് പ്രധാനം ശാസ്ത്രീയ ലക്ഷ്യം. ചന്ദ്രനിലെ ധാതുക്കളെ ഊര്‍ജ്ജോല്‍പാദനത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പഠനവും നടത്തും. പ്രധാനമായും ചന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തുന്ന റോവറില്‍ നിന്നും, ചന്ദ്രനെ ചുറ്റുകയും റോവറിനെ നിരീക്ഷിക്കുകയും ചെയ്യുന്ന ഓര്‍ബിറ്ററില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ശാസ്ത്രീയമായ പഠനങ്ങള്‍. ചന്ദ്രന്റെ പ്രതലത്തിലെ മണ്ണും കല്ലും ശേഖരിച്ച് ശാസ്ത്രീയ നിരീക്ഷണം നടത്തുന്ന റോവര്‍ വിവരങ്ങള്‍ ഓര്‍ബിറ്ററിലേക്ക് കൈമാറും. ഇതുപിന്നീട് ഓര്‍ബിറ്റര്‍ ഐ.എസ്.ആര്‍.ഓയുടെ എര്‍ത്ത് സ്‌റ്റേഷനിലേക്ക് അയക്കും.
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്കല്‍ ലിമിറ്റഡാണ്(എച്.എ.എല്‍) ചന്ദ്രയാന്‍-2ലെ ചാന്ദ്ര ഭ്രമണ പേടകം(ഓര്‍ബിറ്റര്‍) നിര്‍മ്മിച്ചു കൊടുത്തത്. ഓര്‍ബിറ്റര്‍ ക്രാഫ്റ്റ് മൊഡ്യൂള്‍ സ്ട്രക്ചര്‍ എന്നാണ് ഇതിന്റെ പേര്. ഇത് 100 കിലോമീറ്റര്‍ വരെ അകലെനിന്ന് ചന്ദ്രനെ ഭ്രമണം ചെയ്യും. ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്ററിലാണ് ഈ പേടകമുള്ളത്. മൂന്ന് ടണ്‍ ഭാരമുള്ള ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയും. പേ ലോഡുകളും സെന്‍സറുകളും ഉള്‍പ്പെടെ അഞ്ച് ഉപകരണങ്ങളാണ് ഓര്‍ബിറ്ററിലുള്ളത്.
ചന്ദ്രയാന്‍- 2 ഇതുവരെ
2008 സപ്തംബര്‍ 18ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂണിയന്‍ കാബിനെറ്റാണ് ചന്ദ്രയാന്‍ ദൗത്യം അംഗീകരിച്ചത്. ഇന്ത്യ- റഷ്യ സംയുക്ത സംരഭമായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 2007 നവംബര്‍ 12 റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയുമായി കരാറില്‍ ഒപ്പുവച്ചു. ഐഎസ്ആര്‍ഓയ്ക്ക് പേടകത്തിന്റെയും റോസ്‌കോസ്‌മോസിന് ലാന്‍ഡറിന്റെയും റോവറിന്റെയും പ്രധാനചുമതലകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ ചൊവ്വാ ദൗത്യം ഫോബോസ് ഗ്രണ്ട് പരാജയപ്പെട്ടതോടെ ഇന്ത്യ തദ്ദേശീയമായി തന്നെ ഓര്‍ബിറ്ററും ലാന്‍ഡറും റോവറും വികസിപ്പിക്കാന്‍ തീരുമാനിച്ചു.
സൂര്യന്റെ ചുറ്റുമുള്ള പ്രഭാവലയമായ കൊറോണേയേക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ സൗര്യദൗത്യമായ ആദിത്യ- എല്‍ 1 ആണ് ഐ.എസ്.ആര്‍.ഓയുടെ അടുത്ത പ്രധാന ദൗത്യം.


No comments:
Post a Comment